നിഘണ്ടുവിൽ സമദർശി എന്ന നാമ പദത്തിൻ്റെ അർത്ഥം എല്ലാറ്റിനേയും സമഭാവനയോടെ കാണുന്നവർ എന്നാണ്. ആ പേര് ഒരു കൂട്ടായ്മയ്ക്ക് സ്വീകരിക്കുമ്പോൾ സമഭാവന എന്ന ആശയത്തെ നമ്മുടെ കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടുവരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇരുപതുകളിൽ മലയാളികൾക്ക് ആധുനികതയിലേയ്ക്ക് വഴി ചൂണ്ടിയ കേസരി ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ മാസികയുടെ പേരും അതായിരുന്നു. ആ പാരമ്പര്യത്തെ സമകാലിക വത്ക്കരിക്കുക എന്നതും ഈ പേര് സ്വീകരിക്കുമ്പോൾ ഞങ്ങളുടെ മനസ്സിൽ ഉണ്ട്.
സമദർശി എന്ന ഈ കൂട്ടായ്മയ്ക്ക് പ്രസിഡണ്ടോ സെക്രട്ടറിയോ ഭാരവാഹികളോ ഇല്ല. സാങ്കേതികതയുടെ പേരിൽ മാത്രമാണ് ഇതിൻ്റെ ഭാരവാഹിത്വം. നിരന്തരം വികസിക്കുന്ന ഒരു കൂട്ടായ്മയാണിത്. സംഘടന എന്നതിൻ്റെ കോപ്പിലെഫ്റ്റ് പ്രയോഗമാണ് സമദർശി ലക്ഷ്യം വെയ്ക്കുന്നത്. ഞങ്ങളോ നിങ്ങളോ ഇല്ലാത്ത നമ്മൾ സംഘം.
ഇതിൻ്റെ പ്രവർത്തനത്തിനും പ്രത്യേക മേഖല നമ്മൾ തെരഞ്ഞെടുക്കുന്നില്ല. സംസ്കാരത്തിൻ്റെ ഒരു പടലവും നമുക്ക് അന്യമല്ല. പൊതുബോധത്തിൽ ഇടപെടാനുതകുന്ന എന്തും നമുക്ക് സ്വീകാര്യമാണ്. കേൾവിയും കാഴ്ചയും ചിന്തയും ചലനവുമായി നിറഞ്ഞാടുക എന്നതാണ് സമദർശി ചെയ്യേണ്ടത്. അതിലേയ്ക്ക് ആർക്കും എപ്പോഴും കടന്നു വരാം. തുറന്ന മനസ്സും തുറന്ന സർഗ്ഗാത്മകതയും തുറന്ന സഹകരണവും കാംക്ഷിക്കുന്ന ആർക്കും.
അപ്പോൾ നമുക്ക് ആരംഭിക്കാം. നമ്മുടെയും നമ്മൾ ജീവിക്കുന്ന സമൂഹത്തിൻ്റേയും ഇടുക്കങ്ങളെ അഴിച്ചു പരിശോധിക്കാം.
ഒരു അവകാശ പ്രഖ്യാപനങ്ങളും ഇല്ലാതെ
സമദർശി പ്രവർത്തകർ